Thursday, 25 October 2018
Tuesday, 23 October 2018
വസന്തം.
കാലം ശിശിരം എന്നറിയാതെ പാലപ്പൂ പൂക്കുന്നതും കാത്ത് ഞാൻ മുറ്റത്തെ പാലമരത്തിൻ കീഴിൽ ഏറെ നേരം കാത്ത് നിന്നു.. പാലപ്പൂവിൻ ഉന്മാദമറിയാൻ നേരം ഏറെ ഇരുട്ടിയിട്ടും ഞാൻ കാത്ത് നിന്നു... അതുവഴി വന്ന ഒരു മിന്നാമിനുങ്ങിൻ കൂട്ടം എനിക്ക് കൂട്ടായി അവിടെ ചടഞ്ഞിരിപ്പായി.. കാലം എന്തെന്നറിയാതെ പാലപ്പൂവിൻ വസന്തം കാത്ത് എന്നോടൊപ്പം അവരും..
പേരക്ക തപ്പിയിറങ്ങിയ വവ്വാലാകട്ടെ ഞങ്ങളെ ശ്രദ്ധിക്കാതെ അങ്ങനെ അങ്ങ് പറന്നുപോയി.. കാത്ത് കാത്ത് ക്ഷമകെട്ട് മിന്നാമിനുങ്ങുകൾ, പാലമരത്തിൻ ചുറ്റും വട്ടം ഇട്ടു പറന്നു.. കൊമ്പിലിരുന്ന മൂങ്ങ മൂളിയതുകൊണ്ടാണോ, അതോ കൊഴിഞ്ഞു വീണ ഇലകൾ കണ്ടിട്ടാണോ എന്നറിയില്ല വട്ടം ഇട്ടു പറന്നവർ പെട്ടെന്ന് എന്നെ തനിച്ചാക്കി എങ്ങോ പറന്നു പോയ്..
അരവട്ടം തികയ്ക്കാത്ത ചന്ദ്രന് ചുറ്റും ചിതറി കിടക്കുന്ന നക്ഷത്രങ്ങളെ നോക്കി കുറച്ചു നേരം ഞാൻ ഇരുന്നു.. വാലിനു തീപിടിച്ച് ഹനുമാൻ ലങ്കയിലേക്ക് പോയത് പോലെ വാൽ നക്ഷത്രങ്ങൾ ഓടിപ്പോകുന്നതും ഞാൻ കണ്ടു..
ഇതിനിടയിൽ എപ്പോഴൊ പാലമരത്തിൻ എത്താ കൊമ്പത്തെ അവസാനത്തെ ഇലയും കൊഴിഞ്ഞു വീണു.. അതോടുകൂടി കാത്തിരിപ്പിന് വിരാമമിട്ട് ഞാൻ വീട്ടിലേക്ക് മടങ്ങി.. കാത്തിരിപ്പിന്റെ നൊമ്പരം മഴയായി പെയ്തിറങ്ങുമ്പോൾ, മഴയുടെ നനവിൽ തളിരിട്ടു പാലപ്പൂവിൻ മൊട്ടുകൾ..
വസന്തം ഒട്ടും തന്നെ ദൂരെയല്ലാ എന്ന പ്രതീക്ഷയിൽ..വരാന്തയിലെ ചാരുകസേരയിൽ ഇരുന്ന് ഞാൻ എന്റെ കാത്തിരിപ്പ് തുടരുന്നു..
Saturday, 23 June 2018
അപ്പൂപ്പൻ താടി
പാറിപ്പാറി നടന്നിരുന്ന അപ്പൂപ്പൻ താടികൾ ഇന്ന് ചടഞ്ഞ് കുത്തിയിരിപ്പായി.. കാറ്റ് വന്നു വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ കണ്ട കുറ്റിക്കാട്ടിലും പാടവരമ്പത്തും മടി പിടിച്ചു കിടപ്പുണ്ട്.. ചോദിച്ചപ്പോൾ കളിക്കാൻ കൂട്ടില്ല എന്ന്..
ഒന്ന് ആലോചിച്ചാൽ അതും ശരിയാണ്.. വേനൽക്കാല അവധിക്ക് കിട്ടുന്ന ഇച്ചിരി സമയം നാലുകെട്ടിയ വീടിനുള്ളിൽ തീർക്കുന്ന ബാല്യമാണ് ഇന്ന് നമുക്ക് ചുറ്റും.. നാലുചുവരുകൾക്കുള്ളിൽ ഇവരെ തളച്ചിട്ടത് മൊബൈലും, ടി വിയും ആണോ അതോ "പുറത്തു പോയി കളിക്കണ്ടാ"എന്ന അമ്മമാരുടെ അന്ത്യശാസനയാണോ എന്ന് എനിക്കറിയില്ല..കാരണം എന്തു തന്നെ ആയാലും അവിടെ ഇവിടെയായ് അപ്പൂപ്പൻ താടികൾ ചടഞ്ഞു കിടക്കുന്നത് ഏറെ നാളുകളായി ഞാൻ ശ്രദ്ധിക്കുന്നു..
അങ്ങനെ ഇരിക്കേ ഒരു ദിവസം വൈകിട്ടത്തെ പതിവ് കട്ടൻ കാപ്പിയും കുടിച്ച് "മാ ഇപ്പോ വരാം" എന്ന് പറഞ്ഞു, മൊബൈലും താഴെവച്ചു ഞാൻ ഒന്ന് പുറത്തേക്ക് ഇറങ്ങി.. നടക്കുന്നതിനിടെ ഒരുപാട് അപ്പൂപ്പൻ താടികൾ കാണാമെങ്കിലും ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും ആടിയാടി നിന്ന ഒരു അപ്പൂപ്പൻ താടിയോട് മെല്ലെ ഞാൻ ചോദിച്ചു "എന്റെ കൂടെ കളിക്കാൻ പോരുന്നോ?".. ചോദിച്ചതും വീശിയ ഇളം കാറ്റിൽ വന്ന് എന്റെ കൈക്കുമ്പിളിൽ ഇരുന്നു..
പീന്നീട് ഞങ്ങൾ കണ്ട പറമ്പിലും, തൊടിയിലും,മൂവാണ്ടൻ മാവിൻ കൊമ്പിലും, ഇടവഴിയിലും ഒക്കെ ആയി പാറിപ്പാറി നടന്നു.. ഇടയ്ക്ക് അവനെ ഒരു പൂച്ച പിടിക്കാൻ നോക്കിയെങ്കിലും പിടികൊടുക്കാതെ അവൻ എന്റെ പിറകെ കൂടി..
എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് വരാൻ കൂട്ടാക്കാതെ അവൻ എങ്ങോ പറന്നു പോയി..
ഇക്കാലത്ത് ഇങ്ങനെ ചില നിമിഷങ്ങൾ അപൂർവ്വമാണ്.. കൂട്ടിലടച്ച പട്ടിയെപ്പോലെ വെള്ള പൂശിയ നാലു ചുവരുകൾക്കുള്ളിലാണ് ഇന്ന് നമ്മുടെ ജീവിതം.. പഴയതുപോലെ അപ്പൂപ്പൻ താടി പറത്താനും, മഞ്ചാടിക്കുരു പെറുക്കാനും, മണ്ണപ്പം ചുട്ടും-കണ്ണാരം പൊത്തി കളിക്കാനും, ആൽമരചോട്ടിൽ വട്ടം കൂടി തമാശ പറയാനും ആളില്ലാതായിരിക്കുന്നു.. സമൂഹമാധ്യമങ്ങളുടെ കടന്നു കയറ്റം മനുഷ്യനെ സമൂഹത്തിൽ നിന്നും വേർപ്പിരിച്ചിരിക്കുന്നു.. തെളിച്ചു പറഞ്ഞാൽ ഒരു നാലു കെട്ടിനുള്ളിൽ നിന്ന് മറ്റൊരു നാലു കെട്ടിനുള്ളിലേയ്ക്കുള്ള ഒരു യാത്രയായി മാറിയിരിക്കുന്നു നമ്മുടെ ജീവിതം.. കുനിഞ്ഞിരുന്ന് കുനിഞ്ഞിരുന്ന് ചുറ്റും ഉള്ളത് കാണാതെയായി..
ഞാനും ഒട്ടും വ്യത്യയ്തനല്ലാ.. നാടോടുമ്പോൾ നടുവേ ഓടി ഞാനും ഇന്ന് പുറത്ത് ഇറങ്ങാതെയായി.. നാലു കെട്ടിനുള്ളിൽ ഒരു പട്ടിയെപോലെ.. കെട്ടു പൊട്ടിച്ചു ഇന്നത്തെ പോലെ ഇനി എന്നും പുറത്തിറങ്ങിയാൽ എന്താ എന്ന ഒരു ആലോചന.. വഴിയരികിൽ ചിതറി കിടക്കുന്ന മഞ്ചാടിക്കുരു പെറുക്കാൻ, ഓലപ്പന്ത് ഉണ്ടാക്കാൻ, മണ്ണപ്പം ചുടാൻ, കണ്ണ് പൊത്തി കളിക്കാൻ, പുളി ഉറുമ്പ് കടിക്കാതെ ലൂപിക്കാ പറിക്കാൻ, കണ്ട് പറമ്പിലും, തൊടിയിലും , പാടത്തും ഒക്കെ ഓടി കളിക്കാൻ, സന്ധ്യയ്ക്ക് അമ്പലക്കുളത്തിൽ മുങ്ങി നിവരാൻ, അങ്ങനെ ഇന്നലെ കണ്ട അപ്പൂപ്പൻ താടി പോലെ പുറത്തു പാറിപ്പാറി നടക്കാൻ ഒരു മോഹം..
Saturday, 27 January 2018
നിശാഗന്ധി❤
പാല പൂക്കുന്ന സമയത്ത് നമുക്ക് പതുക്കെ ഒന്ന് മുറ്റത്തേക്ക് ഇറങ്ങാം പെണ്ണെ.. ഇരുട്ടിനെ പേടിയുള്ള നിനക്ക് കൂട്ടായി ഞാനും വരാം.. മിന്നാമിനുങ്ങുകൾ വഴി കാട്ടുന്ന, പാലപ്പൂക്കൾ കൊണ്ട് പൊതിഞ്ഞ പച്ച പരവതാനിയിലൂടെ നമുക്ക് കൈകോർത്തു നടക്കാം.. പൂന്തോട്ടത്തിൽ മൊട്ടിട്ടു നിൽക്കുന്ന മുല്ലപ്പൂ വിരിയുന്നതു കാണാം..
പാലപൂവിന്റെ മത്ത് പിടിപ്പിക്കുന്ന ഉന്മാദത്തിൽ നീ എന്നെ വാരിപുണരുമ്പോൾ ആകാശത്തെ ചന്ദ്രനെ സാക്ഷിയാക്കി ഞാൻ നിന്റെ കവിളിൽ മുത്തം വെയ്ക്കാം.. അന്നേരം നാണത്താൽ ചന്ദ്രൻ മേഘങള്ക്കിടയിലേക്ക് മറഞ്ഞു നിൽക്കുമായിരിക്കും..
എന്നിട്ട്,
ഇരുണ്ട മാനത്ത് മിന്നി നിൽക്കുന്ന ഒരായിരം നക്ഷത്രങ്ങളെ സാക്ഷിയായക്കി നമ്മൾ നടന്നു നീങ്ങും മുറ്റത്തെ മൂവാണ്ടൻ മാവിൻ ചോട്ടിൽ.. മാവിൻ ചോട്ടിലെ ഊഞ്ഞാലിൽ നീ ഇരിക്കുമ്പോൾ ചുണ്ടിലൊരു മൂളിപ്പാട്ടുമായ് വെളുക്കുവോളം ഞാൻ ഊഞ്ഞാലാട്ടാം.. ഊഞ്ഞാലാടി നീ ഉറങ്ങു പെണ്ണെ.. നീ ഉറങ്ങുന്നതും കണ്ട് നിന്റെ അരികത്തു തന്നെ ഞാനും ഉണ്ടാകും...