Tuesday, 23 October 2018

വസന്തം.

കാലം ശിശിരം എന്നറിയാതെ പാലപ്പൂ പൂക്കുന്നതും കാത്ത് ഞാൻ മുറ്റത്തെ പാലമരത്തിൻ കീഴിൽ ഏറെ നേരം കാത്ത് നിന്നു.. പാലപ്പൂവിൻ ഉന്മാദമറിയാൻ നേരം ഏറെ ഇരുട്ടിയിട്ടും ഞാൻ കാത്ത് നിന്നു... അതുവഴി വന്ന ഒരു മിന്നാമിനുങ്ങിൻ കൂട്ടം എനിക്ക് കൂട്ടായി അവിടെ ചടഞ്ഞിരിപ്പായി.. കാലം എന്തെന്നറിയാതെ പാലപ്പൂവിൻ വസന്തം കാത്ത് എന്നോടൊപ്പം അവരും..

പേരക്ക തപ്പിയിറങ്ങിയ വവ്വാലാകട്ടെ ഞങ്ങളെ ശ്രദ്ധിക്കാതെ അങ്ങനെ അങ്ങ് പറന്നുപോയി..  കാത്ത് കാത്ത് ക്ഷമകെട്ട് മിന്നാമിനുങ്ങുകൾ, പാലമരത്തിൻ ചുറ്റും വട്ടം ഇട്ടു പറന്നു.. കൊമ്പിലിരുന്ന മൂങ്ങ മൂളിയതുകൊണ്ടാണോ, അതോ കൊഴിഞ്ഞു വീണ ഇലകൾ കണ്ടിട്ടാണോ എന്നറിയില്ല വട്ടം ഇട്ടു പറന്നവർ പെട്ടെന്ന് എന്നെ തനിച്ചാക്കി എങ്ങോ പറന്നു പോയ്..

അരവട്ടം തികയ്ക്കാത്ത ചന്ദ്രന് ചുറ്റും ചിതറി കിടക്കുന്ന നക്ഷത്രങ്ങളെ നോക്കി കുറച്ചു നേരം ഞാൻ ഇരുന്നു.. വാലിനു തീപിടിച്ച് ഹനുമാൻ ലങ്കയിലേക്ക് പോയത് പോലെ വാൽ നക്ഷത്രങ്ങൾ ഓടിപ്പോകുന്നതും ഞാൻ കണ്ടു..

ഇതിനിടയിൽ എപ്പോഴൊ പാലമരത്തിൻ എത്താ കൊമ്പത്തെ അവസാനത്തെ ഇലയും കൊഴിഞ്ഞു വീണു.. അതോടുകൂടി കാത്തിരിപ്പിന് വിരാമമിട്ട് ഞാൻ വീട്ടിലേക്ക് മടങ്ങി.. കാത്തിരിപ്പിന്റെ നൊമ്പരം മഴയായി പെയ്തിറങ്ങുമ്പോൾ, മഴയുടെ നനവിൽ തളിരിട്ടു പാലപ്പൂവിൻ മൊട്ടുകൾ..

വസന്തം ഒട്ടും തന്നെ ദൂരെയല്ലാ എന്ന പ്രതീക്ഷയിൽ..വരാന്തയിലെ ചാരുകസേരയിൽ ഇരുന്ന് ഞാൻ എന്റെ കാത്തിരിപ്പ് തുടരുന്നു..