Saturday, 3 August 2019

ഒരിക്കൽ കൂടി.

വർഷങ്ങൾക്കു മുമ്പ് അപ്പൂപ്പന്റെ കൈ പിടിച്ച് നാട്ടിൻപുറങ്ങളിലെ ഇടവഴിയിലൂടെ ഞാൻ നടക്കുമായിരുന്നു.. കുട്ടിക്കുപ്പായവും മുട്ടോളം എത്താത്ത വള്ളി നിക്കറും ഇട്ട് അപ്പൂപ്പന്റെ വിരലിൽ തൂങ്ങി, നടന്നു നടന്നു തെളിഞ്ഞ ഇടവഴിയിലൂടെ റാവുചേട്ടന്റെ പേരക്കുട്ടിയായി നടന്നിരുന്ന കാലം..

രാവിലെ ഇറങ്ങും വഴി പറമ്പിലെ ലൂപിക്കമരത്തിൻ കീഴിൽ വീണുകിടക്കുന്ന ലൂപിക്ക വാരി കീശയിൽ ഇടുമായിരുന്നു.. പിന്നീട് ഓരോ ലൂപിക്ക കഴിച്ചുകൊണ്ടായിരുന്നു നടത്തം.. പുത്തൻ ഷൂസിട്ട് നടക്കുമ്പോൾ, പിന്നിൽ പതിയുന്ന കാൽപ്പാടുകൾ കണ്ടു ഞാൻ സന്തോഷിക്കുമായിരുന്നു.. പോകും വഴി ഏതോ വലിയ മരത്തിന്റെ വേരിൽ കാലുതട്ടി ഞാൻ താഴെ വീണു.. വീണു കിടക്കുന്ന എന്നെ എഴുന്നേൽപ്പിച്ചു അപ്പുപ്പൻ പറഞ്ഞു "നേരേ നോക്കി നടക്കണം" എന്ന്.. അങ്ങനെ രാവിലത്തെ നടത്തം സ്ക്കൂൾ ബസ്സിന്റെ വാതിൽപ്പടി വരെ..

ഞാൻ വരുന്നതും കാത്ത് എന്നും വൈകിട്ട് ആ ഇടവഴിക്കരികിലായ് അപ്പൂപ്പൻ കാത്ത് നിൽക്കുമായിരിന്നു.. സ്കൂൾ ബസ്സിന്റെ പടിയിറങ്ങി വീണ്ടും അപ്പുപ്പന്റെ വിരലിൽ തൂങ്ങി ഇടവഴിയിലേക്ക്.. പോകും വഴി വടക്കേ പറമ്പിൽ ഓലമെടയുന്നതും, ചകിരി എടുക്കാൻ തൊണ്ട് തല്ലുന്നതും ഞാൻ എന്നും കാണുമായിരുന്നു.. നടന്നു നടന്നു തോടിനു കുറുകെയുള്ള പാലത്തിൽ എത്തുമ്പോൾ ചെറുമീനുകളെ നോക്കി ഞാൻ കൊഞ്ഞനം കുത്തുമായിരുന്നു... പിന്നീട് അങ്ങോട്ട് ഒരു കഥപറച്ചിലാണ് ക്ലാസിലെ ഓരോ നിമിഷവും അതുപോലെ അപ്പുപ്പന്റ കാതിലേയ്ക്ക്.. കഥപറച്ചിലിന് ഉത്തേജനം എന്ന പോലെ ഇടയ്ക്കിടെ അപ്പുപ്പന്റെ വക മൂളലും, തലയാട്ടലും.. കഥയുടെ അവസാനം "അമ്മൂമ്മ" എന്ന് വിളിച്ച് ഇടവഴി വന്നുക്കേറുന്ന വീട്ടിലെ പറമ്പും, മുറ്റവും കഴിഞ്ഞ്, പുത്തൻ ഷൂസ് എങ്ങോ ഊരികളഞ്ഞ്, ബാഗ് എവിടെയോ വലിച്ചെറിഞ്ഞു നേരേ അടുക്കളയിലേയ്ക്ക്.. അടുക്കളയിലെ കുട്ടി ദോശയ്ക്ക് മുന്നിലേക്ക് ഓടി വന്നു അങ്ങനെ ആ നടത്തം ഞാൻ പൂർത്തിയാക്കും..

കാവിൽ വിളക്ക് വെക്കാൻ സന്ധ്യക്ക് വീണ്ടും ഇടവഴിയിലൂടെ നടക്കുമായിരുന്നു... പച്ചക്കറി പന്തൽ നിറഞ്ഞു നിന്ന പാടത്തിന് അരിക്കത്തു കൂടിയായിരുന്നു ഈ ഇടവഴി.. ഇടവഴിലൂടെ നടക്കുമ്പോൾ തൂങ്ങി കിടക്കുന്ന പടവലവും, പയറും, പാവയ്ക്കയും, തൊട്ട് താഴെ ചുമന്നു തുടുത്ത ചീരയും ഒക്കെ കാണുമായിരുന്നു.. ഇതേ ഇടവഴിയിൽ എവിടെയോ ആയിരുന്നു ഞാൻ മഞ്ചാടിക്കുരുവും കാണാറുള്ളത്.. അങ്ങനെ ആ ഇടവടവഴിയിലെ നടത്തം നേരേ കാവിലേയ്ക്ക്..

ഇടയ്ക്കു കണ്ട മഞ്ചാടിക്കുരു പെറുക്കാൻ, കാവിൽ വിളക്ക് വെച്ച ശേഷം ഞാൻ ആ ഇടവഴിയിലൂടെ മുമ്പേ നടക്കും.. കൊഴമണ്ണിൽ കാലുക്കുത്തിയതും ഞാൻ ഒരു അലർച്ച.. ഒച്ച കേട്ട് ഓടിയെത്തിയ അമ്മൂമ്മ കാണുന്നത് കാലുപൊക്കിപിടിച്ചു വാവിട്ടു കരയുന്ന എന്നെ.. കാലുനോക്കി കഴിഞ്ഞ് അമ്മൂമ്മ പറഞ്ഞു " ഇത്ര ഉള്ളോ ഇതൊരു കാക്കമുളള് അല്ലേ".. കാക്കമുള്ള് വലിച്ചൂരി തടവിതന്നെങ്കിലും ഞാൻ കരച്ചിൽ നിർത്തിയില്ലാ.. പിന്നീട് ആ കരച്ചിൽ നിന്നത് ഇടവഴിയിൽ അങ്ങ് ഇങ്ങയി ചിതറിക്കിടക്കുന്ന മഞ്ചാടിക്കുരു കണ്ടാണ്.. കണ്ട മാത്രയിൽ കൈയിൽ കിട്ടിയതെല്ലാം ഞാൻ വാരി കീശയിലിട്ടു, ബാക്കി ഉള്ളത് കുറച്ച് അപ്പുപ്പൻ എനിക്ക് പെറുക്കി തന്നു.. പോകും വഴി എന്നും ഞാൻ ഒരു ചെരിഞ്ഞ തെങ്ങിൽ ഓടി കയറി ഊർന്നിറങ്ങുമായിരുന്നു.. അങ്ങനെ വീട്ടലെ പിൻവാതിലിൽ എത്തുംവരെ നീളുന്ന ഒരു ഇടവഴി സഞ്ചാരം..

അതുകൊണ്ട് ഒന്നും ഒരു ദിവസത്തെ ഇടവഴി സഞ്ചാരം തീരുന്നില്ല... അതുകഴിഞ്ഞ് പിന്നെ ദീപാരാധന തൊഴാൻ അമ്പലത്തിൽ പോകാനും ഇതു പോലൊരു ഇടവഴിയിലൂടെ അപ്പുപ്പന്റെ വിരലിൽ തൂങ്ങി ഞാൻ നടക്കുമായിരുന്നു.. പോകും വഴി എന്നും ഒരു ചേട്ടൻ തലയിൽ തലോടി "അമ്പലത്തിൽ പോകുവാണൊ?" എന്ന് ചോദിക്കുമായിരുന്നു.. ചീകി ഒതുക്കിയ തലമുടി കളഞ്ഞതിന്റെ ദേഷ്യം ഉള്ളിൽ ഒതുക്കി "ങ" എന്ന് ഞാൻ മറുപടി കൊടുക്കുമായിരുന്നു.. അങ്ങനെ ആ ഇടവഴിയും കടന്ന് ടാറിട്ട റോഡിലൂടെ നേരേ എത്തിചേരുന്നത് അപ്പൂപ്പൻ പണികഴിപ്പിച്ച അമ്പലത്തിലെ കാണിക്കവഞ്ചിക്കടുത്താണ് .. അവിടെ വട്ടം കൂടിയിരിക്കുന്ന ഒരു പറ്റം തലനരച്ചവർക്കിടയിൽ ഞങ്ങൾ ചെന്നിരിക്കുന്നതൊടെ ആ നടത്തം അവിടെ തീരുന്നു..

ദീപാരാധന കഴിഞ്ഞ് വീട്ടിലേക്ക് പോകാനും അതേ ഇടവഴി നടത്തം.. ചുറ്റും കൂരാക്കൂരിരുട്ട്, ഇരുണ്ട വഴികളിൽ എന്റെ ബലം കൈപിടിച്ചു കൂടെ നടക്കുന്ന അപ്പൂപ്പൻ തന്നെയായിരുന്നു.. എന്നാൽ ഞങ്ങൾക്ക് കൂട്ടായി എന്നും ചന്ദ്രന്റെ വെള്ളിവെട്ടവും, മിന്നാമിനുങ്ങളുടെ നുറുങ്ങു വെട്ടവും എന്നും ഉണ്ടായിരുന്നു.. ആ നടത്തം വീടിന്റെ വാതിൽപടി എത്തുന്നതോടെ ഒരു ദിവസത്തെ ഇടവഴി നടത്തം പൂർണ്ണം.. ഇങ്ങനെയൊക്കെ തന്നെയായിരുന്നു ഒട്ടുമിക്ക ദിവസവും.. എന്തിനും ഏതിനും പച്ചപുതച്ച ഇടവഴിലൂടെ നടന്ന കാലം.. എന്റെ ബാല്യം..

കാലങ്ങൾ പലതും കടന്നു പോയി.. റാവു ചേട്ടന്റെ പേരക്കുട്ടി വല്ലാണ്ടങ്ങു വളർന്നു.. വള്ളി നിക്കറു മാറി പാന്റായി വേഷം.. അപ്പൂപ്പന്റെ വിരലിൽ തൂങ്ങി നടന്ന ഞാൻ അപ്പന്റെ തോളോട് തോൾ ചേർന്നു നടക്കുന്ന പ്രായം.. എന്റെ യൗവ്വനം..

അങ്ങനെ കുറേ വർഷങ്ങൾക്കു ശേഷം..പിന്നിട്ട വഴികളിൽ വീണ്ടും ഇന്ന് ഞാൻ..

പച്ച പുതച്ച ഇടവഴികൾ ഇന്ന് എങ്ങോ മാഞ്ഞുപോയി.. പത്തൽ വേലികൾ മാറി മതിലുകളായി.. കാലാനുസൃതമായ മാറ്റങ്ങൾ അങ്ങനെ കുറേ ഏറെ..

നടത്തം മതിയാക്കി ആഡംബര കാറുകളിൽ യാത്ര പതിവാക്കിയ മനുഷ്യന് ടാറിട്ട റോഡ് ഒരു ശീലമായി.. പുക മയമായി കറുത്തിരുണ്ട ടാറിട്ട റോഡിലൂടെതന്നെയാണ് എന്റെ യാത്രകളും.. എന്നാൽ ഓർമ്മകൾ പുതുക്കാൻ ഇന്നലെ നടന്ന ഇടവഴികളിൽ കുറച്ച് കഷണം ഇന്നും ഉണ്ട്.. കാലങ്ങൾ പിന്നിലാക്കിയ ഒരുപാട് ഓർമ്മകൾ തേടി ഒരിക്കൽ കൂടി ആ ഇടവഴിയിൽ ഇന്നു ഞാൻ..

പഴയത് പോലെ മുറ്റത്തെ ലൂപിക്ക മരത്തിനു ചോട്ടിലായിരുന്നു ഞാൻ ആദ്യം നടന്നടുത്തത്..എന്നാൽ ഒരായിരം ലൂപിക്ക പെറ്റിട്ട ലൂപിക്കാ മരം ഇന്ന് ഉണങ്ങി നിൽക്കുന്നത് ഞാൻ കണ്ടു.. ഉണങ്ങിയ ലൂപിക്കാ മരം കണ്ട് നടന്നു നീങ്ങിയ ഞാൻ പഴയത് പോലെ പിന്നിലേക്ക് തിരിഞ്ഞു.. ഇടവഴിയിലെ വെള്ള മണ്ണിൽ എന്റെ കാൽപ്പാടുകൾ പതിയുന്നതും നോക്കി നടന്നു.. പതിവ് പോലെ പാതി വഴിയിൽ എവിടെയോ വലിയ മരത്തിന്റെ വേരിൽ തട്ടി ഞാൻ വീണു.. വീണപാടെ ഞാൻ കരഞ്ഞത് വീഴ്ചയുടെ ആഘാതം കൊണ്ടല്ലായിരുന്നു മറിച്ച് പണ്ടത്തെപോലെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ആ കരങ്ങൾ ഇന്ന് എന്റെ കൂടെ ഇല്ല എന്ന് ഓർത്തപ്പോളാണ്.. അതെ അപ്പുപ്പന്റെ വിരലിൽ തൂങ്ങി നടന്ന ഞാൻ ഇന്ന് ഒറ്റയ്ക്കാണ് ഈ ഇടവഴിയിൽ.. "ഏകാന്തത", കാലം എനിക്കായ് മാറ്റിവെച്ച വലിയ മാറ്റം..

ഒറ്റയ്ക്ക് നടക്കും വഴി ഞാൻ കണ്ടു വടക്കേ പറമ്പിൽ ഒരു നിശബ്ദത, പണ്ടത്തെ പോലെ ഓല മേയുന്നതോ, ചകിരി എടുക്കാൻ തൊണ്ട് തല്ലുന്നത്തോ ഒന്നും തന്നെ ഇല്ലാ..അങ്ങനെ നടന്നു നടന്നു തോടിനു കുറുകെയുള്ള പാലത്തിൽ നിൽക്കുമ്പോൾ ഞാൻ കണ്ടത് എന്നെ നോക്കി കൊഞ്ഞനംകുത്തുന്ന മീനുകൾ അല്ല മറിച്ച്, മാലിന്യം നിറഞ്ഞു ചലനശേഷി നഷ്ടപ്പെട്ട കിടക്കുന്ന ഒരു തോടായിരുന്നു.. മാറ്റങ്ങൾ ഒരുപാട് കണ്ടു നടന്ന വീടിനു മുറ്റത്ത് എത്തിയതും ഒട്ടും തന്നെ മാറ്റം ഇല്ലാതെ "അമ്മൂമ്മ" എന്ന് വിളിച്ച് ഞാൻ അടുക്കളയിലേക്ക് ഓടി.. പഴയത്പോലെ എന്നേയും കാത്ത് ചൂട് കുട്ടി ദോശ...

കാവിൽ വിളക്ക് വെക്കാൻ പോകുന്ന ഇടവഴിയും ആകെ അങ്ങ് മാറി.. പച്ചക്കറി പന്തൽ നിറഞ്ഞ പാടം നികത്തി മണിമാളികകൾ പണികഴിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.. ചെരുപ്പ് ഇട്ട് ശീലിച്ച മനുഷ്യനിടയിലേക്ക് കാക്കമുള്ള് ഇപ്പോൾ കടന്നുവരാറില്ലാ.. പെറുക്കി എടുക്കാൻ ആളില്ലാത്ത കൊണ്ടാണൊ എന്നറിയില്ല മഞ്ചാടിക്കുരുവും ഈ വഴി എങ്ങും ഇപ്പോൾ കാണാറില്ല.. മൊത്തത്തിൽ എല്ലാം അങ്ങ് മാറിയത് പോലെ.. ഒരു തോന്നൽ...

കാലത്തിന്റെ മാറ്റങ്ങളേക്കാൾ മനുഷ്യൻ സൃഷ്ടിച്ച മാറ്റങ്ങൾ കണ്ണ് നനയ്ക്കുന്നു.. വികസനം എന്ന് പേര് വിളിച്ച് മൊത്തത്തിൽ മുഖഛായ തന്നെ മാറ്റുമ്പോൾ തനത് ആത്മാവ് എങ്ങോ മാഞ്ഞു പോകുന്ന പോലെ ഒരു തോന്നൽ.. ഇല്ലായ്മയിലും കാണുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇന്ന് ഇല്ലാണ്ടായതുപോലെ ഗ്രാമത്തിലെ ഗ്രാമീണ ഭംഗി വല്ലാതങ്ങു മങ്ങിയതുപ്പോലെ.. സന്തോഷം നിറഞ്ഞ സ്നേഹബന്ധങ്ങൾക്ക് നാലു ചുവരുകെട്ടി പടിയടച്ചു പിണ്ടം വെക്കുന്ന കാലം.. വികസനവിരോധിയോ, പിൻതിരിപ്പിൻ മൂരാച്ചിയോ ഒന്നും അല്ല എന്നാലും ഒരിക്കൽ കൂടി ആ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആസ്വദിക്കാൻ ഒരു മോഹം..
.
.
.
.
.
വിശ്വഭായ്.

Saturday, 20 July 2019

ഒരു നീലഗിരി യാത്ര.

ഒരുപാട് സംഘർഷങ്ങൾക്ക് ഒടുവിൽ അർദ്ധ സമ്മതത്തോടെയാണ് ഞാൻ ഈ നീലഗിരി യാത്രയ്ക്ക് പോകുവാൻ ഒരുങ്ങിയത്.. രാവിലെ മൂന്ന് മണിക്ക് പോകാം എന്നായിരുന്നു കപ്പിത്താന്റെ (കൃഷ്ണ പ്രസാദ്) നിർദ്ദേശം.. ആദ്യ ദീർഘദൂര ബൈക്ക് യാത്രയുടെ ആകാംക്ഷയും, അത് സ്വന്തം ബൈക്കിൽ ആയത്കൊണ്ടുള്ള ആവലാതി കാരണവും, ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. 

അങ്ങനെ സമയം രണ്ട് രണ്ടരയായി, പ്രഭാത കർമ്മങ്ങളും കാര്യങ്ങളും കഴിഞ്ഞ് ഞാൻ പതുക്കെ തയ്യാറായി നിന്നു..ഞാൻ ഇറങ്ങുന്നതും കണ്ട് മാ ചാടി എഴുന്നേറ്റു.. എത്തിയാൽ ഉടനെ വിളിക്കണം എന്ന ഉപാധിയോടെ മാ എന്നെ യാത്രയാക്കി.. ഞാനും എന്റെ ഒറ്റകൊമ്പനും പുറത്തിറങ്ങിയതും, കപ്പിത്താനും സഹധർമ്മിണിയും (സുവിന) അവരുടെ ബൈക്കിൽ യഥാസമയം എത്തി ചേർന്നു.. അപ്പോ എങ്ങനാ പോകാം എന്നു പറഞ്ഞു ഞങ്ങൾ യാത്ര തുടങ്ങി... സ്ഥലം എരമല്ലൂർ എത്തിയതും ഞങ്ങൾ സഹയാത്രികർക്കായി വണ്ടി ഒതുക്കി.. ഒട്ടും വൈകാതെ അവരും (റാം, രാഹുൽ) എത്തി.. അങ്ങനെ പരപരാവെളുപ്പിനെ ഞങ്ങൾ യാത്ര തുടങ്ങി.. 

പോകെ പോകെ തണുപ്പ് പടിപടിയായി കൂടുന്നതായി എനിക്ക് തോന്നി.. അങ്ങനെ തണുത്ത് വിറച്ച് ഏകദേശം എറണാകുളം കഴിഞ്ഞ് കുറച്ചു മാറി ഞങ്ങൾ ഒരു ചായക്കടയക്കു മുമ്പിൽ നിർത്തി.. ഓരോ ഡബിൾ ഓംലറ്റും കട്ടൻ കാപ്പിയും കുടിച്ച് ഞങ്ങൾ യാത്ര തുടർന്നു... 

നീണ്ട് നിവർന്നു കിടക്കുന്ന മൂന്നു വരി പാത, അവിടിവിടെയായി ഇഴഞ്ഞു നീങ്ങുന്ന ചരക്ക് വണ്ടികൾ ഇതിനിടയിലൂടെ മെല്ലെ നീങ്ങി ഞങ്ങളും.. പോയി പോയി ഏകദേശം പാലക്കാട് എത്തുന്നതിനു തൊട്ടു മുമ്പാണ് ഇരുണ്ട ആകാശങ്ങൾ മെല്ലെ വെളുത്തു തുടങ്ങിയത്.. ചുറ്റും വയലോരങ്ങളും ചെറിയ ചെറിയ മലനിരകളും കാണാൻ തുടങ്ങി.. കേരളത്തിന്റെ നെല്ലറയുടെ ഹരിതാപവും പച്ചപ്പും ഒക്കെ കണ്ട് പോകവേ ഏതോ ഒരു ഫ്ലൈ ഓവർ കേറവേ ഞങ്ങൾ കണ്ടു, മലനിരകൾക്കിടയിലൂടെ ഉദിച്ചുയരുന്ന ചുവുന്നു തുടുത്ത ഉദയസൂര്യനെ.. തൂവെള്ള മേഘങ്ങൾക്കിടയിലൂടെ ഉദയസൂര്യന്റെ ആദ്യ കിരണങ്ങളും ഞങ്ങൾ കണ്ടു..

ഒട്ടും വൈകാതെ ഒരു കട്ടൻ കാപ്പി കുടിക്കാൻ ഞങ്ങൾ നിർത്തി.. യാത്രാ ക്ഷീണം അല്പം ഉണ്ടെങ്കിലും ഒരു നല്ല സൂര്യോദയം കണ്ടതിന്റെ പുഞ്ചിരി എല്ലാവരുടേയും മുഖത്ത് ഞാൻ കണ്ടു..

അങ്ങനെ പാലക്കാടും കഴിഞ്ഞ് ഞങ്ങൾ കോയമ്പത്തൂർ പട്ടണം എത്തി.. വളരെ തിരക്കേറിയ സമയമായിരുന്നു അതിനനുസരിച്ച് വേഗതകുറച്ചും ശ്രദ്ധിച്ചുമായിരുന്നു ഞങ്ങൾ പോയികൊണ്ടിരുന്നത് എന്നിട്ടും ഒരു വണ്ടി ഒട്ടും തന്നെ ശ്രദ്ധിക്കാതെ വട്ടം വന്നതും ഞാൻ ഒന്ന് ഞെട്ടി, പെട്ടെന്ന് തന്നെ വലത്തോട്ട് തിരിച്ചു എങ്ങനെയോ കടന്നു പോയി.. ഒരോ ഹോട്ടലിന്റെ പടിവാതിൽ കാണുന്തോറും എന്റെ വിശപ്പ് കൂടി കൂടി വന്നു.. ഇപ്പ നിർത്തും ഇപ്പ നിർത്തും എന്ന് കരുതി ഞാനും ഇരുന്നു, എന്നാൽ കോയമ്പത്തൂർ പട്ടണം കഴിഞ്ഞ് മേട്ടുപ്പാളയം എന്ന് സ്ഥലത്ത് ഒരു നല്ല ഹോട്ടലിൽ കപ്പിത്താൻ വണ്ടി നിർത്തി.. ഒരോരുത്തരും അവരവരുടെ ഭക്ഷണം കഴിക്കാൻ തുടങ്ങി.. തീൻമേശയിൽ കുശലം പറയുക സ്വാഭാവികം മാത്രമാണ് എന്നാൽ അതിനിടയിൽ റഹുൽ അന്നു പറഞ്ഞ രണ്ട് വരി ഞാൻ ഇപ്പോഴും ഓർക്കുന്നു " We are so glad that we have a lady rider in the group.."

അവിടുന്ന് ഒട്ടും വൈകാതെ നീലഗിരിയുടെ താഴവാരത്ത് ഞങ്ങൾ എത്തിചേർന്നു എന്ട്രീ പാസ്സ് എടുത്തു ഞങ്ങൾ മലകേറാൻ തുടങ്ങി.. അത്യാവശ്യം വളവും കുറച്ചു കുരങ്ങുകൂട്ടം ഒക്കെ കണ്ട് പതുക്കെ വരി വരിയായി പോകുന്ന വണ്ടികളുടെ പുറകേ ഞങ്ങളും കൂടി.. യാത്രയ്ക്കിടയിൽ ചെറിയ കോടയും ഒത്തിരി പച്ചപുതച്ചു നിൽക്കുന്ന നീലഗിരി താഴവാരം ഞങ്ങൾ കണ്ടു.. മല കേറുന്തോറും തണുപ്പ് കൂടി കൂടി വന്നു... അങ്ങനെ ആ തുണുപ്പിൽ ഞങ്ങൾ കൂനൂർ പട്ടണത്തിൽ എത്തിചേർന്നു..

കുനൂർ പട്ടണത്തിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചത് Lamb's Rock View Point എന്ന സ്ഥലത്തേക്കാണ്.. കുനൂരിൽ നിന്നും ഏകദേശം എട്ട്, ഒമ്പത്, കി. മി ദൂരമാണുള്ളത്.. എന്നാൽ വളരെയധികം വീതി കുറഞ്ഞതും, പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകളായിരുന്നു അങ്ങോട്ട്.. അവിടെയെത്തിയതും മുമ്പിൽ കണ്ട ഒരു കടയിൽ ഞങ്ങളുടെ ബാഗുകൾ ഭദ്രമായിവെച്ചു.. അഞ്ചാൾക്കുള്ള ടിക്കറ്റും ഒരു ക്യാമറ പാസ്സുമായി ഞങ്ങൾ ഉള്ളിൽ കടന്നു..

കൂറ്റൻ മരങ്ങൾക്കിടയിലൂടെ കരിങ്കല്ല് പാകിയ വഴി, ചുറ്റും നീലഗിരി മലനിരകൾ, തെളിഞ്ഞ് നീല നിറത്തിലുള്ള ആകാശം, തെയ്യില തോട്ടങ്ങളും കാപ്പി തോട്ടങ്ങളും കൊണ്ട് പച്ചപുതച്ചു കിടക്കുന്ന താഴവാരം, അങ്ങ് ദൂരെയായി കാണപ്പെടുന്ന പട്ടണങ്ങൾ എല്ലാം കൊണ്ട് Lamb's Rock View Point ഒരു ദൃശ്യ വിരുന്ന തന്നെയായിരുന്നു.. 

എല്ലാവരും അവിടിവിടെ നിന്ന് നീലഗിരിയുടെ ദൃശ്യം പകർത്തിയ സമയം ഞാൻ അവിടെയുള്ള ഒരു ബോർഡ് കാണാൻ ഇടയായി "Take a deep breath and enjoy the silence.." ശരിയാണ് അവിടെ തികച്ചും ശാന്തമായിരുന്നു നീലഗിരിയുടെ മലനിരകൾ തഴുകിവരുന്ന കാറ്റുകൊണ്ട് പച്ചിലകൾ അനങ്ങുന്നത് പോലും നമുക്ക് കേൾക്കാം.. അത്രയ്ക്ക് നിശബ്ദമായിരുന്നു അവിടം...

ഇറങ്ങും വഴി ഒരു കുരങ്ങൻ ഞങ്ങളുടെ കയ്യിലിരുന്ന വെള്ളക്കുപ്പി എടുത്തോണ്ട് ഓടി.. പണിപതിനെട്ടും പയറ്റി ഒടുവിൽ അവൻ അടപ്പ് തുറന്ന് വെള്ളം കുടിച്ചു.. ഇതെല്ലാം തന്റെ ക്യാമറയിൽ പകർത്തിയ കപ്പിത്താന് ഏറെ സന്തോഷമായി.. അവിടെ നിന്നിറിങ്ങി ഞങ്ങൾ വിശപ്പകറ്റാൻ ബ്രഡ് ഓംലറ്റും നൂഡിൽസും കഴിച്ചു.. ഞങ്ങൾ ബാഗ് വെച്ച കടയിൽ നിന്നും ഓരോ ഗ്ലാസ് നാരങ്ങാ വെള്ളം വീതം കുടിച്ചു ഞങ്ങൾ യാത്ര തുടങ്ങി...


ഞങ്ങളുടെ അടുത്ത യാത്ര " Dolphin Nose View Point" എന്ന സ്ഥലത്തേക്കാണ്.. പേരുപോലെ തന്നെ ഒരു ഡോൾഫിൻ മൂക്കിന്റെ ആകൃതിയിലാണ് അവിടുത്തെ മലനിരകൾ.. ഇവിടെ നിന്ന് ഏകദേശം ആറ് ഏഴ് കി മി ദൂരമാണ് ഉള്ളത്..

എന്നാൽ ഇതിനിടയിൽ ഞാൻ ശ്രദ്ധിച്ചു Lambs's Rock View Pointൽ വരുമ്പോഴും പോകുമ്പോഴും ചിലർ ഞങ്ങളെ തടയാൻ ശ്രമിച്ചത്, എന്നാൽ ഇതിനെകുറിച്ച് കപ്പിത്താനോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു ഈ ഇടങ്ങളിൽ അനധികൃത പാർക്കിങ്ങ് ഫീസുകൾ ഈടാക്കാർ ഉണ്ടത്രെ, അതൊന്നും നമ്മൾ കൊടുക്കേണ്ട കാര്യമില്ല എന്നും പുള്ളിക്കാരൻ പറഞ്ഞു.. 

അങ്ങനെ ഞങ്ങൾ Dolphin Nose View Point ലേക്ക് യാത്ര തുടങ്ങി.. പോകുന്ന വഴി ഞങ്ങൾ കണ്ടു, പച്ച പുതച്ച മലനിരകൾക്കിടയിലൂടെ നേർത്ത വെള്ള നിറത്തിൽ ഊർന്നിറങ്ങുന്ന മലവെള്ളം.."Catherine Water falls" എന്നാണ് ആ വെള്ളച്ചാട്ടത്തിന്റെ പേര്.. കൊടഗിരിക്കാർക്ക് കാപ്പി തോട്ടങ്ങൾ പരിചയപ്പെടുത്തിയ M D Cockburn എന്ന വ്യക്തിയുടെ ഭാര്യയുടെ പേരാണ് ഈ വെള്ളച്ചാട്ടത്തിനു.. അതിന് അപ്പുറം കോടനാട് എന്ന അതി മനോഹരമായ ഒരുസ്ഥലം ഉണ്ടെന്നും കപ്പിത്താൻ പറഞ്ഞു.. 

അങ്ങനെ കാഴ്ചകൾ കണ്ട് "Dolphin Nose View Point" എന്ന സ്ഥലത്ത് എത്തിയപ്പോൾ ഞങ്ങളെ ഒരുപറ്റം ആളുകൾ ചേർന്ന് തടഞ്ഞു.. നിങ്ങൾക്ക് ഇവിടെ മാത്രമേ പാർക്ക് ചെയ്യാൻ പറ്റുകയുള്ളു എന്നും അതിനുള്ള പാർക്കിങ്ങ് ഫീസ് അടയ്ക്കണം എന്നും പിന്നെ "Lamb's Rock View Point"ൽ കൈകാണിച്ചപ്പോൾ എന്തു കൊണ്ട് നിർത്തിയില്ലാ എന്നു ചോദിച്ചായിരുന്നു അവർ ഞങ്ങളെ തടഞ്ഞത്.. എന്നാൽ കപ്പിത്താൻ തന്റെ നിലപാടിൽ ഉറച്ചു തന്നെ നിന്നു അനധികൃതമായി ഒരു രൂപ പോലും തരാൻ കഴിയില്ല എന്ന് തീർത്തും പറഞ്ഞു.. അതോടെ സംഭവം വഷളായി അവർ ഞങ്ങളുടെ താക്കോൽ എടുത്തുക്കൊണ്ട് പോയി.. 

അപ്പോഴേക്കും കപ്പിത്താൻ പോലീസിനെ വിളിച്ചു, അവർ പറഞ്ഞതും ഇവിടെ പാർക്കിങ്ങ് ഫീസ് ഒന്നുമില്ല എന്നാണ്, ഇതിനിടയിൽ റാം അന്നു അറിയാവുന്ന തമിഴിൽ അവരോട് തർക്കിച്ചു, സുവിനക്കി കപ്പിത്താനെ ശാന്തമാക്കാൻ ശ്രമിച്ചു, ഇതിനിടയിൽ എങ്ങനെയോ രാഹുൽ അന്നു താക്കോൽ ഞങ്ങളുടെ കയ്യിൽ എത്തിച്ചു.. എന്നാ ശരി ഞങ്ങൾ ഇവിടെ കേറുന്നില്ലാ എന്നു പറഞ്ഞു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.. 

നമ്മൾ ഇന്ന് അത് കണ്ടിട്ടേ പോകു എന്ന് പറഞ്ഞു കപ്പിത്താൻ വണ്ടി എടുത്തു.. പോകും വഴി ഏതോ ഒരു വളവിൽ നിന്നും അല്പം മാറി കുറച്ചു ദൂരം ഞങ്ങൾ നടന്നു.. നേരെ നടന്നെത്തിയത് Dolphin Nose View Point മലനിരകളുടെ ഒരു ഭാഗം കാണാവുന്ന സ്ഥലത്താണ്.. കൃത്യമായി കാണാൻ കഴിഞ്ഞില്ലെങ്കിലും ഒരു ഏകദേശ രൂപം ഞങ്ങൾക്ക് അവിടെ നിന്നും കാണാൻ കഴിഞ്ഞു.. സ്ഥലം ഏറെ സുപരിചിതനായ കപ്പിത്താൻ തന്റെ വാക്കുപാലിച്ചു എന്നു വേണം പറയാൻ... 

കാഴ്ചകൾക്ക് വിരാമമിട്ട് അവിടുന്ന് ഞങ്ങൾ ഊട്ടിയിലെ റൂമിലേക്ക് തിരിച്ചു.. ഉദ്ദേശം ആറ് ആറര ആയപ്പോൾ ഞങ്ങൾ റൂമിൽ എത്തിചേർന്നു.. ജനാലകൾ തുറന്നാൽ ക്യാബേജ് കൃഷിയിടം കാണാം.. എന്നാൽ പതിമൂന്നു ഡിഗ്രി തണുപ്പിൽ ഞങ്ങൾ തണുത്ത് വിറക്കാൻ തുടങ്ങി.. ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു ഞങ്ങൾ കുശലം പറഞ്ഞു റൂമിൽ തന്നെ കൂടി.. സമയം എട്ടായപ്പോഴേക്കും ഊട്ടി പട്ടണം കറങ്ങാൻ ഞങ്ങൾ തീരുമാനിച്ചു.. ഒമ്പത് ഡിഗ്രി തണുപ്പ് ആസ്വദിക്കാൻ തീരുമാനിച്ചു റാം അന്നുവും റാഹുൽ അന്നുവും ഒരു ബെനിയനും കുട്ടി നിക്കറും ഇട്ട് ഇറങ്ങി, അവരെ കണ്ട് ഒരു ആവേശത്തിൽ ഞാനും.. എന്നാൽ ബൈക്കോടിച്ചു ഊട്ടി പട്ടണത്തിൽ എത്തിയപ്പോഴേക്കും ഞാൻ തണുത്ത് വിറക്കാൻ തുടങ്ങി, പിന്നെ ഒരു "Hot Chocolate" കുടിച്ചപ്പോഴാണ് ഞാൻ നേരെ നിന്നത്.. അങ്ങനെ ആ തണുപ്പിൽ ഊട്ടി പട്ടണം കറങ്ങി നടന്നു... ഉറക്കം വന്നപ്പോഴേക്കും തിരിച്ചു റൂമിലേക്ക് മടങ്ങിയെത്തി.. ഏഴ് ഡിഗ്രി തണുപ്പിൽ ഞങ്ങൾ പുതച്ചു മൂടി കിടന്നു.. 

രണ്ടാം ദിവസം ഏകദേശം ഏഴു മണിയോടെ ഞങ്ങൾ റൂമിൽ നിന്നും Doddabetta എന്ന സ്ഥലത്തേക്ക് ഇറങ്ങി.. ഏകദേശം അഞ്ചു കിലോമീറ്റർ ദൂരമാണുള്ളത്.. ഉദ്ദേശം ഏഴരയോടെ ഞങ്ങൾ അവിടെ എത്തി, പ്രവേശനം 8 മണിക്കായതുകൊണ്ട് കുറച്ചു നേരം അവിടെ കാത്ത് നിന്നു.. "Doddabetta" എന്നത് നീലഗിരി മലനിരകളിൽ ഏറ്റവും ഉയർന്ന മലനിരകളാണ്.. അവിടെ നിന്നാൽ ഊട്ടി പട്ടണം മൊത്തത്തിൽ നമുക്ക് കാണാൻ സാധിക്കും.. നല്ലൊരു സൂര്യോദയം കണ്ട് ഞങ്ങൾ വീട്ടിലേക്കുള്ള മടക്കയാത്ര തുടങ്ങി..

വന്ന വഴി പോകാതെ താമരശ്ശേരി ചുരം വഴി വയനാട് കൂടി കേറി പോകാം എന്നാണ് പറഞ്ഞത്.. അങ്ങനെ പ്രഭാത ഭക്ഷണം കഴിച്ചു ഞങ്ങൾ പറഞ്ഞു പോലെ ഇറങ്ങി.. വന്ന വഴിയെക്കാൾ സുന്ദരമായിരുന്നു പോകും വഴി.. വലിയ മരങ്ങളും, നല്ലതണുപ്പും വഴിൽ ഉടനീളം തണലും ഒക്കെയായി അതിമനോഹരമായ വഴി.. അങ്ങനെ പോയി പോയി ഞങ്ങൾ പൈൻ മരങ്ങൾക്ക് ഇടയിലൂടെയായി യാത്ര.. ചുറ്റിനും തലക്ക് മീതെ വളർന്നു നിൽക്കുന്ന പൈൻ മരങ്ങൾ അതിനിടയിലൂടെ വരുന്ന വെട്ടവും ഒക്കെ കണ്ടു പതുക്കെ ഞങ്ങൾ മലയിറങ്ങി.. 

പോകുന്ന വഴി ഊട്ടിയിലെ നാടൻ ക്യാരറ്റും കുറച്ചു വാങ്ങി.. ഇത്തിരി ദൂരം പിന്നിട്ടതും ഞങ്ങൾ "Paikara Dam " കാണാൻ ഇടയായി.. അതിനു മുമ്പിൽ നിന്ന് കുറച്ചു ചിത്രങ്ങൾ പകർത്തിയ ശേഷം ഞങ്ങൾ യാത്ര തുടർന്നു.. പോകും വഴി കപ്പിത്താന്റെ വണ്ടി ഇടയ്ക്ക് ഇടയ്ക്ക് ഓഫാകാൻ തുടങ്ങി.. ആദ്യമൊക്കെ അത്ര കാര്യമായി എടുത്തില്ല, എന്നാൽ പോകെ പോകെ മനസിലായി തുടങ്ങി സംഭവം വഷളായി എന്ന്.. കൂടെയുള്ള സഹയാത്രികർക്ക് കുറച്ചു വണ്ടിപണി ഒക്കെ അറിയാമായിരുന്നു.. പെട്രോൾ ടാങ്കിൽ കരട് കേറിയതാവാം എന്ന് ഒരാൾ, കൂളന്റ് കുറഞ്ഞതാവാം എന്ന് മറ്റൊരാൾ.. എന്തായാലും അടുത്ത പമ്പിൽ നിന്നും കുളന്റ് വാങ്ങി നിറക്കാം എന്ന് തീരുമാനിച്ചു.. എന്നാൽ സുൽത്താൻ ബത്തേരി ടൗൺ എത്തും മുൻപേ വണ്ടി പൂർണ്ണമായി നിന്നു.. 

ഞായറാഴ്ച ദിവസമായതുകൊണ്ട് ശരിയാക്കാൻ ആളെ കിട്ടുകയോ, സർവീസ് സെന്ററിൽ കൊണ്ടുപോകാനോ പറ്റാത്ത അവസ്ഥയായിരുന്നു.. ഒരുപാട് നേരത്തെ ആലോചനകൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിൽ ഫ്യൂസ് പോയതാവും എന്ന നിഗമനത്തിൽ എത്തിച്ചേർന്നു.. സാധാരണയായി ടൂൾ കിറ്റിൽ ഒരു ഫ്യൂസ് അധികം ഉണ്ടാകാറാണു പതിവ് എന്നാൽ ഇവിടെ അത് കണ്ടില്ലാ.. എന്തു തന്നെയായാലും ഫ്യൂസ് അഴിച്ചു നോക്കാം എന്ന് തീരുമാനിച്ചു പക്ഷെ അടുത്ത പ്രശ്നം ഫ്യൂസ് എവിടെ എന്നാതായിരുന്നു.. കുറയേറെ നേരം അവർ നോക്കിയെങ്കിലും കണ്ടുപിടിക്കാൻ പറ്റിയില്ല, പിന്നെ ഞാൻ യുട്യൂബിൽ നിന്ന് ഫ്യൂസെടുക്കുന്ന വിധം അവർക്ക് കാണിച്ചു കൊടുത്തു.. അതിൻപ്രകാരം ഞങ്ങൾ ഫ്യൂസ് അഴിച്ചു, ഫ്യൂസ് ബോക്സിൽ തന്നെ പുതിയൊരു ഫ്യൂസ് ഉണ്ടായിരുന്നു, കേടായ ഫ്യൂസ് മാറ്റി ഞങ്ങൾ ആ പുതിയ ഫ്യൂസ് വെച്ചു.. നിർഭാഗ്യവശാൽ ആ ഫ്യൂസ് ഉടൻ തന്നെ അടിച്ചു പോയി.. അപ്പോഴാണ് യഥാർഥ പ്രശ്നം മനസിലായത് ഏതോ ഒരു വയർ ഷോർട്ടായതാണെന്ന്.. പിന്നീട് ഉള്ള ആലോചന ഫ്യൂസ് ഇല്ലാതെ എന്തു ചെയ്യും എന്നായിരുന്നു.. അവസാനം റാം അന്നു പറഞ്ഞു "അറ്റകൈ പ്രയോഗമാണ് ഫ്യൂസ് നമുക്ക് ബൈപ്പാസ് ചെയ്യാം.." അങ്ങനെ ബൈപ്പാസ് ചെയ്യാൻ വയറുതേടി ഞങ്ങൾ അടുത്തുള്ള വീട്ടിൽ ചെന്നു, ഒട്ടും വൈകാതെ പുള്ളി രണ്ടു വയറുകഷ്ണം ഞങ്ങൾക്ക് തപ്പിതന്നു... അതിനിടയിൽ എപ്പോഴോ ഷോർട്ടായത് ബ്രേക്ക് ലൈറ്റിന്റെ വയറാണെന്ന് മനസിലായി, അത് ബാന്റേയ്ഡ് കൊണ്ട് ഒട്ടിച്ച് മാറ്റി.. തന്ന വയറുകൊണ്ട് ഫ്യൂസ് ബൈപാസ് ചെയ്തു ദൈവഭാഗ്യത്തിനു വണ്ടി ഓണായി.. അന്നേരത്തെ ഞങ്ങളുടെ സന്തോഷം എഴുതി അറീയ്ക്കാവുന്നതിലും അപ്പുറമായിരുന്നു.. 

പീന്നീട് വിശന്നു വലഞ്ഞു ഞങ്ങൾ ആദ്യം കണ്ട ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.. നല്ല ചൂട് പൊറോട്ടയും മുട്ടക്കറിയും ആർത്തിയോടെ വലിച്ചുകേറ്റി വയറു നിറച്ചു.. സമയം ഒരുപാട് വൈകിയതു കൊണ്ട് വയനാട് യാത്ര ഞങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.. ഉദ്ദേശിച്ച സ്ഥലത്തേക്ക് പോകാൻ കഴിയാത്തതിലുള്ള വിഷമമില്ലാ മറിച്ച് നിനച്ചിരിക്കാതെ കടന്നു വന്ന പ്രശ്നങ്ങൾ സ്വയം തരണം ചെയ്തതിലുള്ള ആത്മസംതൃപ്തിയാണ് എല്ലാവരുടേയും ഉള്ളിൽ ഉണ്ടായിരുന്നത്.. 

അങ്ങനെ സുൽത്താൻ ബത്തേരിയും കഴിഞ്ഞ് ഞങ്ങൾ നേരെ താമരശ്ശേരി ചുരം എത്തി.. അവിടുത്തെ "Lakkidi View Point" എന്ന സ്ഥലത്ത് നിർത്തി.. ഞങ്ങൾ ആറര ഏഴ് മണിയോടെയാണ് അവിടെ എത്തിയത്.. അവിടെ നിന്നാൽ താമരശ്ശേരി ചുരം മൊത്തത്തിൽ നമുക്ക് കാണാൻ സാധിക്കും, ജനസാന്ദ്രമായ താഴവാരവും അതിനിടയിലൂടെ ചുറ്റിപിടഞ്ഞു കിടക്കുന്ന റോഡും ഒരു കാഴ്ച തന്നെയാണ്.. 

നേരം ഇരുട്ടിയതും ഞങ്ങൾ അവിടെ നിന്നും ഇറങ്ങി പിന്നെ നേരേ വീട്ടിലേക്ക്.. ഇടയ്ക്ക് ഇടയ്ക്ക് നിർത്തി കട്ടൻ കാപ്പിയും ലഘു ഭക്ഷണവും കഴിച്ച് സാവധാനം തന്നെയായിരുന്നു യാത്ര.. ഇതിനിടയിൽ എപ്പോഴോ ആണ് റാഹുൽ അന്നു പറയുന്നത് വീട്ടിൽ ഇരിക്കുന്ന ഇന്ത്യയുടെ മാപ്പിൽ ഊട്ടി ഇനി അടയാളപ്പെടുത്തണം എന്ന്.. അങ്ങനെ ഞങ്ങൾ പുലർച്ചെ മൂന്നു മണിക്ക് വീട്ടിൽ എത്തി. വീട്ടിൽ കേറിയതും നേരെ ഓടി ചെന്ന് മേശവലിപ്പിൽ പൊടിപിടിച്ചു കിടക്കുന്ന ഇന്ത്യയുടെ വലിയ മാപ്പിൽ ഊട്ടി പട്ടണം ഞാൻ അടയാളപ്പെടുത്തി.. അങ്ങനെ ഒരു നീലഗിരി യാത്ര ശുഭമായി പരിയവസാനിച്ചു..