Wednesday, 18 October 2017

മരണാനന്തരം

ആയിരം കാതം അകലെ ഒരു ചെമ്പകമരത്തണലിൻ കീഴിൽ ഞാൻ എന്നെ കണ്ടെത്തി.. അരികിൽ ഒരു കെട്ടു ചുവന്ന റോസാ പൂക്കളും ഞാൻ കണ്ടു, ഒരുപക്ഷേ എന്റെ പ്രിയപ്പെട്ടവരുടെ സ്നേഹസമ്മാനങ്ങൾ ആയിരിക്കാം.. പുഴുവരിച്ച്, മണ്ണിൽ അലിഞ്ഞ എന്റെ ശരീരം കാറ്റത്ത് കൊഴിഞ്ഞു വീണ ചെമ്പകപ്പൂക്കളാൽ മൂടിയിരിക്കുന്നു.. ഞാൻ നട്ട ചെമ്പക മരത്തിന്റെ തണലിൽ ഞാൻ ഉറങ്ങുന്നത് ഞാൻ കണ്ടു..ആടിത്തീർന്ന വേഷങ്ങളും കെട്ടിയാടിയ ആടയാഭരണങ്ങളും അഴിച്ചു വെച്ച്  ഇനി സമ്പൂർണ്ണ വിശ്രമം..

കുബേരനും-കുചേലനും, പുലയനും-നമ്പൂതിരിയും ഒന്നിച്ച് ഉറങ്ങുന്നീ ശ്മശാന ഭൂമിയിൽ ഞാൻ കണ്ടു സമത്വം.. അല്ലേലും ശരീരം ആറടി മണ്ണിൽ പൊതിഞ്ഞു കഴിഞ്ഞാൽ പിന്നെ എന്തുതന്നെ ആയാലും ഉടൽ ഭൂമിക്ക് സ്വന്തം..ഭൂമിയിൽ നിന്ന് യാത്രയാകുമ്പോൾ ദേഹിക്ക് സ്വന്തം ദേഹം പോലും നഷ്ടമാകുന്നു..

ജീവിതം എന്ന അവ്യക്തതയിൽ നിന്ന് മരണാനന്തരം എന്ന ഈ അവസ്ഥ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടിരിക്കുന്നു.. കാരണം.. ഒരു മേൽക്കൂരയുടെ മറയില്ലാതെ മേലെ മിന്നി നിൽക്കുന്ന ഒരായിരം നക്ഷത്രങ്ങളെ
 ഇപ്പോൾ എനിക്ക് കാണാം.. ഒരു കുടയുടെ മറയില്ലാതെ ഞാൻ പെരുമഴയിൽ നനയുന്നതും, വെള്ള പൂശിയ നാലു ചുവരുകളുടെ അതിരില്ലാതെ ഒരു തുമ്പിയെ പോലെ അങ്ങ് ഇങ്ങായ് പാറി നടക്കുന്നതും എനിക്ക് കാണാം.. അങ്ങനെ സ്വാതന്ത്ര്യം മരണാനന്തരം ഞാൻ ആസ്വദിക്കുന്നത് ഞാൻ കണ്ടു..

അതെ അവ്യക്തതയുടെ മുഖപടം മെല്ലെ ഉയർത്തി വ്യക്തമായി ഞാൻ കണ്ടു എന്റെ മരണം..

6 comments:

Unknown said...

Good one

Unknown said...

Nice one Viswa💛

Poojalekshmi Bhatt said...

അങ്ങനെ എനിക്കും മരണാനന്തരം എന്ന അവസ്ഥയോട് ഒരു പ്രണയം തോന്നി പോയി ;ഈ അക്ഷരങ്ങളുടെ ഭംഗിയിൽ..!!

Poojalekshmi Bhatt said...

Hh

Raju bhai said...

കാണാതെ കണ്ട 'മരണം' മനോഹരം👌

Anonymous said...

മരണാനന്തരം ഒരു മഹാ രഹസ്യമായി പരസ്യപ്പെടട്ടെ .... ജീവിതം വ്യത്യസ്തമായി നയിക്കാൻ .